തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി. മണ്ഡലപൂജാ കാലത്ത് ആദ്യഘട്ടത്തിൽ 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് സർവീസ് നടത്തുക. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കാനും ലീസ് വ്യവസ്ഥയിൽ വാഹനങ്ങൾ ലഭ്യമാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്നും പ്രത്യേക കേന്ദ്രങ്ങളിൽനിന്നും ഘട്ടംഘട്ടമായി സർവീസുകൾ ക്രമീകരിക്കും. പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം എന്നിവിടങ്ങളിൽനിന്ന് പ്രത്യേക സർവീസുകളുണ്ടാകും.
മണ്ഡലപൂജാ ഘട്ടത്തിൽ നിലയ്ക്കലിൽ 180 ബസുകളും മകരവിളക്ക് ഘട്ടത്തിൽ 220 ബസുകളും വിന്യസിക്കും. ചെങ്ങന്നൂരിൽ 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും സർവീസിനായി ക്രമീകരിച്ചിട്ടുണ്ട്. സർവീസുകളുടെ സുഗമമായ നടത്തിപ്പിനായി പമ്പയിലും നിലയ്ക്കലുമായി രണ്ട് ഘട്ടങ്ങളിലായി ജീവനക്കാരെ വിന്യസിക്കും. മണ്ഡലപൂജാ ഘട്ടത്തിൽ 678 ജീവനക്കാരെയും മകരവിളക്ക് ഘട്ടത്തിൽ 778 ജീവനക്കാരെയും നിയോഗിക്കും.
ഡ്രൈവർമാർ, കണ്ടക്ടർമാർ, ഇൻസ്പെക്ടർമാർ, മെക്കാനിക്കുകൾ, ഓഫീസ് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവരെയാണ് വിവിധ ചുമതലകൾക്കായി നിയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ 325 ഡ്രൈവർമാരെയും 225 കണ്ടക്ടർമാരെയും രണ്ടാംഘട്ടത്തിൽ 375 ഡ്രൈവർമാരെയും 275 കണ്ടക്ടർമാരെയും നിയമിക്കും. സർവീസുകൾ സുരക്ഷിതമായും കാര്യക്ഷമമായും നടത്തുന്നതിനായി ജീവനക്കാർക്ക് ഫയർ ആൻഡ് റെസ്ക്യൂ, മെഡിക്കൽ പരിശീലനങ്ങൾ നൽകിയിട്ടുണ്ട്.
വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും സാങ്കേതിക പ്രശ്നങ്ങളും വേഗത്തിൽ പരിഹരിക്കുന്നതിനായി മെക്കാനിക്കൽ ജീവനക്കാർക്ക് വാഹന നിർമാണ കമ്പനികളുടെ നേതൃത്വത്തിലുള്ള പ്രത്യേക പരിശീലനങ്ങളും നൽകിയിട്ടുണ്ട്. തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യാനുസരണം കൂടുതൽ ബസുകൾ ഏർപ്പെടുത്തി യാത്രാസൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.